സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് ഇത്. ഇതിനൊപ്പം കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. തീരപ്രദേശവാസികളും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



