അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യം കുറിച്ച് പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 14 അർധരാത്രി കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് രാജ്യം ചുവടുവെച്ചപ്പോൾ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഓരോ ഭാരതീയനിലും ഇന്നും അഭിമാനം നിറയ്ക്കുന്ന ഒന്നാണ്. ചമ്പാരൻ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവുമടക്കം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സഹനസമരങ്ങളുടെയും അസംഖ്യം ദേശസ്‌നേഹികളുടെ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം കൈവന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം വിഭജനത്തിന്റെ ആഴത്തിലുള്ള മുറിവുകളും അടിയന്തരാവസ്ഥയും ഉൾപ്പെടെയുള്ള കറുത്ത ഏടുകളെ നേരിടേണ്ടി വന്നെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് വികസനത്തിന്റെ പുതിയ പാതയിലേക്ക് ഭാരതം കുതിച്ചുയർന്നു. ശാസ്ത്രസാങ്കേതിക രംഗത്തും ബഹിരാകാശ ഗവേഷണത്തിലും വൻ കുതിപ്പുണ്ടാക്കിയ രാജ്യം സാമ്പത്തിക, പ്രതിരോധ മേഖലകളിലും ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചു. എന്നാൽ ഇത്തരം നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുമുണ്ട്. സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഐക്യവും ഒരുമയും വഴികാട്ടിയാക്കി മുന്നേറേണ്ടതിന്റെ പ്രാധാന്യം കൂടി ഈ സ്വാതന്ത്ര്യദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.



