India Mirror News

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തവും കഠിനതടവും; വിധി നെടുംമങ്ങാട് എസ്‌സി/എസ്​ടി പ്രത്യേക കോടതിയുടേത്

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തവും കഠിനതടവും; വിധി നെടുംമങ്ങാട് എസ്‌സി/എസ്​ടി പ്രത്യേക കോടതിയുടേത്

തലസ്ഥാനത്തെ നടുക്കിയ കണ്ണമ്മൂല വിഷ്ണു വധക്കേസിൽ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും നെടുമങ്ങാട് എസ്‌സി/എസ്​ടി പ്രത്യേക കോടതി വിധിച്ചു. കൂടാതെ ഓരോ പ്രതിയും 1,75,000 രൂപ വീതം പിഴയടയ്ക്കണം. പിഴത്തുകയിൽ നിന്ന് കേസിൽ രണ്ടാമത്തെ സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയും ഒന്നു മുതൽ മൂന്നു വരെയുള്ള സാക്ഷികൾക്ക് മൂന്ന് ലക്ഷം രൂപയും നൽകാനും ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു. കൊലപാതകം അതിക്രൂരവും സമൂഹത്തെ ഞെട്ടിച്ചതുമാണെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കേട്ടാണ് സ്പെഷൽ കോടതി ജഡ്ജി ഷാജഹാൻ ശിക്ഷ വിധിച്ചത്.

കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ അരുൺ, ലല്ലു, പൂച്ച രാജേഷ് എന്ന രാജേഷ്, സഞ്ജു എന്ന സനൽ കുമാർ, ശ്രീനാഥ്, വിഷ്ണു എന്ന വിജീഷ്, ഷെട്ടി മനു എന്ന മനു എന്നീ ഏഴ് പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. 2016 ഒക്ടോബർ ഏഴിന് പുത്തൻപാലം വിദ്യാധിരാജ റോഡിൽ വീടിനു സമീപം നിൽക്കുകയായിരുന്ന 18 വയസ്സുകാരനായ വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് പ്രതികൾ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാനാണ് പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമമടക്കം ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 48 സാക്ഷികളെ വിസ്തരിക്കുകയും 144 തൊണ്ടിമുതലുകളും ആറ് പ്രധാന തെളിവുരേഖകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *