ഫ്രീഡം ക്വിസിലെ വി.ഡി. സവർക്കർ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദാണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് പൂർണ്ണമായും റദ്ദാക്കണമെന്നും തനിക്കെതിരായ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ചരിത്രപരമായ ചോദ്യത്തിനുള്ള ഉത്തരമായി വി.ഡി. സവർക്കറുടെ പേര് നൽകിയതിന്റെ പേരിൽ നടപടിയെടുക്കുന്നത് അന്യായമാണെന്നും സവർക്കറുടെ തടവുകാലത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ കൈവശം ഔദ്യോഗിക രേഖകളുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് നിലവിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2026 ഓഗസ്റ്റ് 6-ന് കുമ്പള, കാസർഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലാണ് വിവാദപരമായ ചോദ്യം ഉയർന്നുവന്നത്. “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്നു എന്നാരോപിച്ച് അധ്യാപകനെതിരെ നടപടിയെടുക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.



