അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രശസ്ത യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന് ആലുവ റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസിലെ പ്രധാന നിർദേശം. മുൻപ് കേസിൽ ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ, ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് നിരീക്ഷിച്ച് കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് മുൻപും ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഹാദ് ഒഴിവാകുകയായിരുന്നു.
ഇതിനുപിന്നാലെ ഇയാൾ ഒളിവിൽ പോകുകയും വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറത്തിറക്കുകയും ചെയ്തു. വിവാദപരമായ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനൽ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.



