പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ അർദ്ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമെന്നും സമരത്തിനെത്തുന്ന പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നുമുള്ള ഇയാളുടെ അധിക്ഷേപകരമായ പ്രസ്താവനയാണ് വലിയ വിവാദമായത്. എ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറിയും ടി.ടി. ജിസ്മോനും പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകിയതിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിർണായക നടപടി.
സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടുകയും സൈബർ സെൽ ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വിഷയം വിവാദമായതോടെ ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ആർ.എസ്.എസിന്റെ യാതൊരുവിധ ചുമതലകളും മോഹൻദാസ് വഹിക്കുന്നില്ലെന്ന് സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.



