പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി മടങ്ങിയതായി വിവരം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുള്ള ‘എവർഗ്രീൻ’ എന്ന റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ കയറി ചായ കുടിച്ച ശേഷം ഒരു മണിക്കൂറോളം സമയം ചിലവഴിച്ചാണ് ഇയാൾ മടങ്ങിയത്. വാഹനങ്ങൾ മാറിമാറി സഞ്ചരിക്കുന്ന ഇയാൾ എടപ്പാൾ വരെ എത്തിയ വാഹനം നിലവിൽ കണ്ണൂരിലാണുള്ളത്. നാല് പേരാണ് അർജുനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് സോഷ്യൽ മീഡിയ വഴിയാണ് അർജുനുമായി ബന്ധമുള്ളത്.
അതിനിടെ, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഒളിവിലിരുന്നുകൊണ്ട് അർജുൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. മറ്റാരെയെങ്കിലും ഉപയോഗിച്ചാണോ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.



