കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ സാഹസിക കായിക പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അധികൃതരുടെ അനാദരവ്. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് തൃശ്ശൂർ ചാവക്കാട് വരെ ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് രാജേഷിന്റെ മൃതദേഹം കൊണ്ടുവന്നത്. തുടർന്ന് ചാവക്കാടെത്തിയപ്പോൾ ഇത്തരത്തിൽ മൃതദേഹം കൊണ്ടുപോകുന്നത് ശരിയല്ലെന്നും കുറഞ്ഞത് എംബാം ചെയ്യുകയെങ്കിലും വേണമായിരുന്നുവെന്നും ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വഴിയിൽ വെച്ച് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം വഴിയിൽ വെച്ച് മാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ വ്യക്തിയെ രക്ഷിക്കുന്നതിനിടയിലാണ് റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായ രാജേഷ് അപകടത്തിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടത്. രാജേഷ് സുരക്ഷിതനായി മടങ്ങിയെത്തുമെന്ന പ്രത്യാശയിലായിരുന്നെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി നിർമ്മാണം പൂർത്തിയായ ഒരു വീട് പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.



