India Mirror News

കേരളത്തിന് അടിയന്തര പ്രളയസഹായം വേണം: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് ജോസ് കെ. മാണി

കേരളത്തിന് അടിയന്തര പ്രളയസഹായം വേണം: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് ജോസ് കെ. മാണി

സംസ്ഥാനത്തുണ്ടായ അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടങ്ങൾ നേരിട്ട പശ്ചാത്തലത്തിൽ അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. പ്രകൃതിദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിയുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി കേന്ദ്രത്തിന്റെ അടിയന്തര സാമ്പത്തിക സഹായം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീടുകൾക്കും റോഡുകൾക്കും കൃഷിക്കും പുറമെ വ്യാപാര മേഖലയിലും വലിയ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഓണാഘോഷ വിപണി ലക്ഷ്യമിട്ട് വ്യാപാരികൾ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ നശിച്ച സാഹചര്യത്തിൽ അവർക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് പലപ്പോഴും കേന്ദ്രസംഘങ്ങൾ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതെന്നും ഇത് യഥാർത്ഥ നാശനഷ്ടത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ആഘാതം രൂക്ഷമായിരിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ കേന്ദ്രസംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തണം. കൂടാതെ, ദുരന്തമുണ്ടായി ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്ന രീതിയിൽ ഒരു സ്ഥിരം ദേശീയ സംവിധാനം കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *