ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇപ്പോൾ ഡൽഹി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നും കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന തങ്ങൾക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പാർട്ടി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. സർക്കാർ അനുകൂല നടപടിയെടുത്തില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് എത്തുമെന്നും, ഇത്തവണ സമരത്തിൽ നിന്ന് വേഗത്തിൽ പിന്മാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഗുരുതര സാഹചര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സോനം വാങ്ചുകിന്റെ നിരാഹാര സമരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണെന്ന് സി.ജെ.പി നേതാവ് അഭിജിത്ത് ദീപ്കെ ആരോപിച്ചു. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം സർക്കാരിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, സമരം കടുക്കുന്നതിനിടെ സി.ജെ.പി നേതാക്കളുമായി കേന്ദ്ര സർക്കാർ വീണ്ടും ചർച്ച തുടങ്ങി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ജെ.പി. നദ്ദയുടെ വസതിയിൽ വെച്ചാണ് സി.ജെ.പി പ്രതിനിധികളുമായി കൂടിയാലോചന നടത്തുന്നത്.



