രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച നടന്ന സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയെങ്കിലും, വീഡിയോ കാണാൻ തങ്ങൾക്ക് താല്പര്യവും സമയവുമില്ലെന്നും സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അതേസമയം, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തെ ഡൽഹി പോലീസ് അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചെന്ന ആരോപണം ശക്തമാകുകയാണ്. പെൺകുട്ടികൾ അടക്കമുള്ള സമരക്കാരെ പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനൊപ്പം, പെല്ലറ്റ് ഗൺ ഉപയോഗിച്ചതിന് തെളിവായി സമരക്കാർ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്.
തുടർച്ചയായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.



