India Mirror News

സി.ജെ.പി. പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി.ബി.സി.ഐ

സി.ജെ.പി. പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി.ബി.സി.ഐ

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ കടുപ്പത്തിൽ അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടിയ സി.ബി.സി.ഐ, സമരക്കാർക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ക്രിയാത്മകമായ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി കൈകൾ ബന്ധിച്ച് നടത്തിയ സമരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എം.പിമാർ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ അണിനിരന്നു. പ്രതിഷേധത്തിനിടെ ഡീൻ കുര്യാക്കോസ് എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പരീക്ഷാ ക്രമക്കേടിൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സി.ജെ.പി. പോലീസിന്റെ കടുത്ത നടപടികളിൽ 120-ഓളം പേർക്ക് പരിക്കേൽക്കുകയും ഇതിൽ ചിലരുടെ നില ഗുരുതരമായി സർക്കാർ ആശുപത്രികളിൽ തുടരുകയും ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സർക്കാറിന്റെ വിശദീകരണം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *