കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, തൊഴിലാളി വർഗ്ഗത്തിന്റെ അമരക്കാരൻ എന്നീ നിലകളിൽ പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായ വി.എസ്. മലയാളികളുടെ മനസ്സിൽ സൃഷ്ടിച്ച സ്വാധീനം സമാനതകളില്ലാത്തതാണ്. ജനങ്ങൾ നേരിട്ട ചൂഷണങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന രണ്ടക്ഷരം ആധുനിക കേരളചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കുന്ന വിപ്ലവവീര്യത്തിന്റെ പ്രതീകമാണ്.
സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.എസ്., പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചാണ് പൊതുരംഗത്ത് ശ്രദ്ധേയനാകുന്നത്. 1964-ൽ സി.പി.ഐ. ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എം. രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1980 മുതൽ 1992 വരെ 12 വർഷം സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയായും, 1985 മുതൽ 2009 വരെ 24 വർഷക്കാലം പൊളിറ്റ് ബ്യൂറോ അംഗമായും പാർട്ടിയിൽ നിർണ്ണായക പങ്കുവഹിച്ചു. 2006-ൽ എൺപത്തിരണ്ടാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം, പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അധികാരത്തിലിരിക്കുമ്പോഴും സദാ സമരസജ്ജമായ ജീവിതമാണ് നയിച്ചത്.
പാമോലിൻ, ലാവ്ലിൻ, ഐസ്ക്രീം പാർലർ, ഇടമലയാർ തുടങ്ങിയ അഴിമതി കേസുകളിൽ നീതിക്കായി ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ അദ്ദേഹം, സൂര്യനെല്ലി ഇരകൾക്കൊപ്പവും പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരത്തിലും എൻഡോസൾഫാൻ ബാധിതർക്കായും ശക്തമായി നിലകൊണ്ടു. മൂന്നാറിലെയും മതികെട്ടാൻ മലയിലെയും കൈയേറ്റങ്ങൾക്കെതിരെ നടന്നുകയറിയ അദ്ദേഹത്തിന്റെ ആവേശകരമായ സാന്നിധ്യം പ്രകൃതിസംരക്ഷണ പ്രസ്ഥാനങ്ങൾക്കും ജനകീയ സമരങ്ങൾക്കും വലിയ കരുത്താണ് പകർന്നത്. അവസാന ശ്വാസം വരെ കർമ്മനിരതനായി ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ആ വിപ്ലവജീവിതം പൂർത്തിയാക്കി മടങ്ങിയെങ്കിലും, വി.എസിന്റെ ഓർമ്മകൾ ഇന്നും മലയാളിക്ക് ഊർജ്ജമായി അവശേഷിക്കുന്നു.



