യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് ഈ വരുന്ന പതിനഞ്ചാം തീയതി പുതിയ മേഖലയുടെ ചുമതലയേൽക്കും. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ (സുന്ത്രോണീസോ) അന്ന് വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ വെച്ചാണ് നടക്കുക. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും ഈ ചടങ്ങിൽ സന്നിഹിതരായിരിക്കും.
സ്ഥാനാരോഹണ ചടങ്ങുകളോടനുബന്ധിച്ച് അന്നേദിവസം വൈകിട്ട് ആറ് മണിക്ക് പ്രത്യേക സ്വീകരണ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവർക്ക് പുറമെ വിവിധ സഭകളുടെ മേലധ്യക്ഷന്മാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. അലക്സാണ്ടർ തോമസ്, പബ്ലിസിറ്റി കോ-ഓർഡിനേറ്റർ ഫാ. അലൻ കുര്യൻ സാബു, കൺവീനർ ഡോ. കോശി എം. ജോർജ് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.



