India Mirror News

കള്ളാടി മണ്ണിടിച്ചിൽ: ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കൂടി കണ്ടെത്തി; ഇന്ന് മാത്രം മൂന്ന് മൃതദേഹങ്ങൾ.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ അസറുദ്ദീൻ അൻസാരിയുടേതാണ് ഈ മൃതദേഹം. ഇതോടെ ഇന്ന് മാത്രം ദുരന്തബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെടുത്തത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒന്നാം സോണിൽ നിന്നും മീനാക്ഷി പുഴയിൽ നിന്നുമായാണ് മറ്റ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിലൊന്ന് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇമ്രാന്റേതും മറ്റൊന്ന് ഹിമാചൽ പ്രദേശ് സ്വദേശിയായ എഞ്ചിനീയറുടേതുമാണ്. ദുരന്തത്തിൽപ്പെട്ട് ഇനിയും രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. തിരിച്ചിലിനായി പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ടെങ്കിലും ഒന്നാം സോണും മൂന്നാം സോണും അതീവ സാധ്യതയുള്ള ഇടങ്ങളായാണ് ദൗത്യസംഘം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാം സോണിലും മീനാക്ഷി പുഴയിലുമാകും ഇന്ന് കൂടുതൽ പരിശോധനകൾ നടക്കുക. നേരത്തെ തെരച്ചിലിന്റെ രണ്ടാം ദിവസം ഒന്നാം സോണിൽ സ്നിഫർ നായ്ക്കൾ സൂചന നൽകിയിരുന്നതിനെ തുടർന്ന് പാലത്തിനോട് ചേർന്ന പുഴയുടെ ഇരുവശങ്ങളിലും സംഘം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

വിവിധ ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ് ജവാൻമാർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായാണ് നിലവിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. എന്നാൽ പ്രദേശത്ത് പെയ്യുന്ന ഇടവിട്ടുള്ള ശക്തമായ മഴ തിരച്ചിൽ നടപടികൾക്ക് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടസ്ഥലത്തെ സംരക്ഷണഭിത്തി തകർന്നതിന് തൊട്ടുമുകളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദൗത്യസംഘങ്ങളിൽ കനത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. വരും മണിക്കൂറുകളിൽ പെയ്യാൻ സാധ്യതയുള്ള മഴയുടെ തീവ്രതയെ ആശ്രയിച്ചായിരിക്കും രക്ഷാപ്രവർത്തനത്തിന്റെ തുടർവേഗത നിശ്ചയിക്കപ്പെടുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *