തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിൽ തുടക്കം മുതൽ തന്നെ സിപിഐക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. മുൻപിൻ നോക്കാതെ ഒറ്റ ആവേശത്തിന് വികസനം എന്ന് പറഞ്ഞ് ചാടിവീഴുകയോ ആർപ്പ് വിളിക്കുകയോ ചെയ്യുകയല്ല വേണ്ടതെന്നും, അത് പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് അന്ന് പറയാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ നിർഭാഗ്യവശാൽ പല കേന്ദ്രങ്ങൾക്കും അന്നത് മനസ്സിലായില്ലെന്നും പ്രകൃതിക്ക് വേണ്ടി സംസാരിക്കുന്നവരെ വികസന വിരോധികളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ശീലം അന്നുമുണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
തുരങ്കപാത വേണമെന്ന് വാശിപിടിച്ച് വാദിക്കുന്നവർ ഭാവിയിൽ സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് കൂടി കൃത്യമായി മനസ്സിലാക്കാൻ തയ്യാറാകണം. ആ പാതയെന്നും ഈ പാതയെന്നും തുരങ്കപാതയെന്നും പറഞ്ഞ് വലിയ രീതിയിൽ ആഘോഷിച്ചിട്ട് മാത്രം കാര്യമില്ലെന്നും, ഇത്തരത്തിലുള്ള എല്ലാ വികസന ആഘോഷങ്ങളുടെയും ഇരകളാകുന്നത് എപ്പോഴും പാവപ്പെട്ട മനുഷ്യരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഏജൻസികളുടെയോ പണ്ഡിതന്മാരുടെയോ കരാറുകാരുടെയോ മാത്രം അഭിപ്രായങ്ങൾ കേട്ട് ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകരുതെന്നും അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടു.



