പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസ് വാഹനം ഓടിക്കുകയും പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡായ ‘ഡാൻസാഫ്’ സംഘത്തിലെ സിവിൽ പോലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടിയന്തര നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിൽ പോലീസ് ജീപ്പുമായി പോയ ഇവരെ നാട്ടുകാർ തടയുകയായിരുന്നു. ഈ സമയം പ്രിയേഷ് എന്ന ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. നാട്ടുകാർ വാഹനം തടഞ്ഞതോടെ സുമനും രാഹുലും ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ലക്കുകെട്ട പ്രിയേഷ് സീറ്റിൽ കിടന്നുകൊണ്ടാണ് വാഹനം ഓടിച്ചതെന്നും വലിയ അപകടങ്ങൾ ഒഴിവായത് തലനാരിഴയ്ക്കാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്നതും ലഹരി വേട്ടയ്ക്കായി പ്രത്യേകം രൂപീകരിച്ചതുമായ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ ഇത്തരമൊരു ലഹരി അതിക്രമം കാണിച്ചത് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പോലീസിന്റെ നേതൃത്വത്തിൽ കടുത്ത ലഹരിവിരുദ്ധ പരിശോധനകളായ ‘ഓപ്പറേഷൻ തൂഫാൻ’ സജീവമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ഗുരുതരമായ അച്ചടക്കലംഘനം. സംഭവം അറിഞ്ഞയുടൻ തന്നെ ജില്ലാ പോലീസ് മേധാവി അർദ്ധരാത്രിയോടെ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.



