തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവിച്ചു. നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരേണ്ടതും അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ടതുമായ ഘട്ടമാണിതെന്നും മണ്ണിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും എത്രയും വേഗം പുറത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ആശ്രിതർക്ക് അടിയന്തര ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, ഈ ദാരുണ സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റിയും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിട്ടിരുന്നിട്ടും കരാറുകാർ അത് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ കുറ്റപ്പെടുത്തി. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളാടിയിലുണ്ടായത് പ്രകൃതിദുരന്തമല്ല, മറിച്ച് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം സംഭവിച്ച മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കൃഷി മന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി. സിദ്ദിഖും വ്യക്തമാക്കി. ഇന്ന് രാവിലെ പത്തുമണിയോടെയുണ്ടായ അപകടത്തിൽ നിലവിൽ മരണസംഖ്യ നാലായിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ (ജയ), കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. ഏഴ് പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 265 മില്ലീമീറ്റർ കനത്ത മഴ പെയ്തതിനെ തുടർന്ന് ചൂരൽമല പുഴയിൽ ഒഴുക്ക് ശക്തമായി തുടരുകയാണ്.



