India Mirror News

പ്രതിരോധ മേഖലയിൽ വിപ്ലവവുമായി അദാനി ഗ്രൂപ്പ്; മധ്യപ്രദേശിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ പ്ലാന്റിന് തറക്കല്ലിട്ടു.

പ്രതിരോധ മേഖലയിൽ വിപ്ലവവുമായി അദാനി ഗ്രൂപ്പ്; മധ്യപ്രദേശിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ പ്ലാന്റിന് തറക്കല്ലിട്ടു.

രാജ്യത്തെ സ്വകാര്യ പ്രതിരോധ നിർമാണ മേഖലയിൽ പുതിയ നാഴികക്കല്ലിട്ടുകൊണ്ട് മിസൈൽ നിർമാണ രംഗത്തേക്ക് വൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. മധ്യപ്രദേശിലെ ശിവപുരിയിൽ 2500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക മിസൈൽ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സ്വകാര്യ മേഖലയിൽ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രമായി മാറുന്ന ഈ പ്ലാന്റിൽ മിസൈൽ നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുമെന്ന് അദാനി എന്റർപ്രൈസസ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി. ദീർഘദൂര മിസൈലുകൾക്ക് പുറമെ, സംയോജിത പ്രൊപ്പല്ലന്റ് ഉൽപ്പാദനം, ടിഎൻടി, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണവും ഇവിടെ നടക്കും. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്ലാന്റിലൂടെ അയ്യായിരത്തോളം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്.

മധ്യപ്രദേശിൽ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്ന വൻ വികസന പദ്ധതികളുടെ ഭാഗം മാത്രമാണ് ഈ മിസൈൽ പ്ലാന്റ്. സംസ്ഥാനത്ത് ആകെ 1.10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ്, സിമന്റ്, ഖനനം, സ്മാർട്ട് മീറ്ററുകൾ, താപ ഊർജ്ജം എന്നിവയുൾപ്പെടുന്ന ഈ നിക്ഷേപങ്ങൾ വഴി 2030ഓടെ സംസ്ഥാനത്ത് 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ കട്നി ജില്ലയിലെ അമേത, കൈമോർ പ്ലാന്റുകളിൽ 4,000 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തിക്കഴിഞ്ഞു. നിലവിൽ മധ്യപ്രദേശിന് 1,200 മെഗാവാട്ട് വൈദ്യുതി നൽകുന്ന അദാനി ഗ്രൂപ്പ്, 5,600 മെഗാവാട്ട് വൈദ്യുതി കൂടി അധികമായി നൽകാനുള്ള വികസന പദ്ധതികളിലാണ്. ഇതിന് പുറമെ ലഹോറി, ധാർ, രത്‌ലം, ഉജ്ജൈൻ എന്നിവിടങ്ങളിൽ കാറ്റാടി ഊർജ്ജ പദ്ധതികൾ കമ്മീഷൻ ചെയ്ത കമ്പനി, ഉജ്ജൈനിൽ ഒരു സിമന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലുമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *