പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്ന് വയസ്സുകാരിയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിനിരയായി. വിദ്യാലയത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അധ്യാപകരോട് വെളിപ്പെടുത്തിയത്. സ്വന്തം സഹപാഠികളിൽ ചിലരും സ്കൂളിന് പുറത്തുള്ളവരും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. വിദ്യാലയത്തിന് സമീപത്ത് വെച്ചും, പ്രതികളിൽ ഉൾപ്പെട്ട ഒരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ക്രൂരതയ്ക്ക് ഇരയാക്കിയതായാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ.
ഞെട്ടിക്കുന്ന ഈ സംഭവത്തിൽ നിലവിൽ അഞ്ച് പേർക്കെതിരെ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയ കൂടൽ പോലീസ് രണ്ട് വ്യത്യസ്ത പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്‌ഐആർ) രജിസ്റ്റർ ചെയ്താണ് മുന്നോട്ട് പോകുന്നത്. കേസിൽ ആകെ പതിനൊന്ന് പ്രതികളുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിൽ ആറ് പേർ പ്രായപൂർത്തിയാകാത്തവരാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.



