India Mirror News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കർശന ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കർശന ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മഴ കൂടുതൽ ശക്തമാകുമെന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇതുകൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും നിലവിലുണ്ടാകും. ഇന്ന് മുതൽ നാലാം തീയതി വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ വലിയ നാശനഷ്ടങ്ങൾക്കും കാരണമാകാറുള്ളതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. മിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറുകയും ജനലുകളും വാതിലുകളും അടച്ചിടുകയും വേണം. കെട്ടിടത്തിനകത്ത് ആയിരിക്കുമ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ടെലിഫോൺ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. കൂടാതെ വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുകയും വേണം. അന്തരീക്ഷം മേഘാവൃതമാകുമ്പോൾ കുട്ടികളെ ടെറസിലോ മുറ്റത്തോ കളിക്കാൻ അനുവദിക്കരുത്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ പുറത്തിറങ്ങുന്നതും പട്ടം പറത്തുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തും. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി കെട്ടിവെക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ളപ്പോൾ അടച്ചുറപ്പുള്ള വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണെങ്കിലും കൈകാലുകൾ പുറത്തിടരുത്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ്, ചൂണ്ടയിടൽ തുടങ്ങിയ പ്രവൃത്തികൾ നിർത്തിവെച്ച് ഉടൻ കരയിലേക്ക് മടങ്ങണം. ജലാശയങ്ങളിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും ഇടിമിന്നൽ സമയത്ത് വൻ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *