കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതിയിൽ നിന്നും വെള്ളരി കൃഷിക്കായി വൻ തുക സബ്‌സിഡി കൈപ്പറ്റിയ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ദീദ്വാന-കുച്ചമാൻ ജില്ലയിലുള്ള പീഹ് ഗ്രാമത്തിലെ മന്ത്രിയുടെ സ്വന്തം ഫാമിൽ അത്യാധുനിക രീതിയിൽ വെള്ളരി കൃഷി ചെയ്യുന്നതിനായാണ് നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ നിന്നും 99.6 ലക്ഷം രൂപയുടെ സബ്‌സിഡി അനുവദിച്ചത്. മന്ത്രി തന്നെ പദവി കാരണം വൈസ് പ്രസിഡന്റായി ഇരിക്കുന്ന ബോർഡിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഇത്രയും വലിയ തുക സബ്‌സിഡി ഇനത്തിൽ സ്വന്തമാക്കിയതാണ് ഇപ്പോൾ ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നത്. ഏകദേശം 16,592 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നാല് വലിയ പോളിഹൗസുകൾ നിർമ്മിച്ചാണ് ഈ ഫാമിൽ വാണിജ്യ അടിസ്ഥാനത്തിൽ വെള്ളരി കൃഷി ചെയ്യുന്നത്. ആകെ 1.99 കോടി രൂപ ചെലവ് വരുന്ന ഈ ബൃഹത് പദ്ധതിക്കായി മന്ത്രി എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്നും 1.49 കോടി രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പ അക്കൗണ്ടിലേക്കാണ് കേന്ദ്ര ഗവൺമെന്റിന്റെ സബ്‌സിഡി തുക വകമാറ്റിയത്.രാജ്യത്ത് വലിയ തോതിലുള്ള വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-15 വർഷത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ’ എന്ന പദ്ധതി വഴിയാണ് ഈ ആനുകൂല്യം ലഭ്യമാക്കിയത്. എന്നാൽ ഈ പദ്ധതിക്കായി 2025 ഏപ്രിൽ 15-ന് സമർപ്പിച്ച അപേക്ഷയിന്മേൽ വെറും 14 ദിവസത്തിനുള്ളിൽ ബോർഡ് പ്രാഥമിക അനുമതി നൽകി എന്നതും സംശയങ്ങൾക്കിടയാക്കുന്നുണ്ട്. കൃഷി സഹമന്ത്രിയെന്ന നിലയിൽ ഭഗീരത് ചൗധരി എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റായ ബോർഡാണ് ഈ തുകയ്ക്ക് വളരെ വേഗത്തിൽ അനുമതി നൽകിയത്. കൂടാതെ, 2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഔദ്യോഗിക സ്വത്തുവിവര പട്ടികയിൽ ഈ വലിയ കൃഷി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മന്ത്രി ഉൾപ്പെടുത്തിയിരുന്നില്ല എന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഉൾപ്പെടെ ഈ വിഷയത്തിൽ കടുത്ത വിമർശനം ഉയർത്തുന്നുണ്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മന്തി ഭഗീരത് ചൗധരിയോ ബിജെപി നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.
Tags:
You can share this post!
administrator



