കൊച്ചി: മൂവാറ്റുപുഴ ആറ്റിലെയും പിറവം പുഴയിലെയും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മരിച്ച നിലയിൽ കണ്ടെത്തിയ പായിപ്ര സ്വദേശിനി വിജി (44), ഇവരുടെ രണ്ട് വയസ്സുള്ള ആൺകുഞ്ഞ് എന്നിവരുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അപകടത്തിൽപ്പെടുന്നതിന് മുൻപ് ഇവർ ഭർത്താവിനും മൂത്ത മകൾക്കുമൊപ്പം പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് ഇറങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭ്യമായിട്ടുള്ളത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിജിയുടെ മൃതദേഹം പിറവം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മുളക്കുളം പാലത്തിന് സമീപത്ത് നിന്നും, കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ സ്റ്റേഷൻ പരിധിയിൽപ്പെടുന്ന കളമ്പൂർ പാലത്തിന് താഴെ നിന്നും കണ്ടെത്തിയത്. കാഴ്ച പരിമിതിയുള്ള വിജിക്കും കുഞ്ഞിനുമൊപ്പം സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് നാരായണൻ, ഇവരുടെ മൂത്ത മകൾ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തതിനാൽ ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
മുമ്പ് കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ കുടുംബം കടുത്ത ദാരിദ്ര്യവും വിജിയുടെ രോഗാവസ്ഥയും കാരണം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. വാടക കുടിശ്ശികയായതിനെ തുടർന്ന് താമസിച്ചിരുന്ന വീട്ടിൽ നിന്ന് മാറേണ്ടി വന്ന ഇവർ സഹായം അഭ്യർത്ഥിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും നെല്ലിക്കുഴിയിൽ പുതിയൊരു വാടക വീട് ഏർപ്പാടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കകം പുതിയ വീട്ടിലേക്ക് താമസ മാറാം എന്ന് പോലീസിനോട് സമ്മതിച്ചാണ് ഇവർ അവിടെ നിന്നും മടങ്ങിയത്. നിലവിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ദാരുണ സംഭവം ഒരു അപകടമാണോ, അതോ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കിയതാണോ, അതല്ലെങ്കിൽ മറ്റെന്തെങ്കിലും ദുരൂഹതകൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ വിപുലമായ അന്വേഷണത്തിലാണ് പോലീസ്.



