India Mirror News

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണം; പൂനെ കൊലപാതകത്തിൽ മാതാപിതാക്കളുടെ മൊഴി

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണം; പൂനെ കൊലപാതകത്തിൽ മാതാപിതാക്കളുടെ മൊഴി

പൂനെയിൽ പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൾ സിയ ഗോയലിന് വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്തെത്തി. സ്വന്തം മകളാണ് ഈ ക്രൂരകൃത്യം ചെയ്തതെങ്കിലും അവൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. മകൾക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ മാതാപിതാക്കൾ, സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന പൊലീസിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമായിരുന്നെങ്കിൽ കാമുകനൊപ്പം ഒളിച്ചോടാൻ അവസരമുണ്ടായിട്ടും എന്തിനാണ് കേതനെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന്, സമൂഹത്തിന് മുന്നിൽ കുടുംബത്തിനുണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതകം തിരഞ്ഞെടുത്തതെന്നാണ് സിയ ഗോയൽ പൊലീസിനോട് ആവർത്തിച്ചു പറയുന്നത്.

മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ ഈ കൊലപാതകം നടപ്പാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ മാത്രം സിയയും കാമുകൻ ചേതൻ ചൗധരിയും തമ്മിൽ വാട്സ്ആപ്പ് കോളുകൾക്ക് പുറമെ രണ്ടായിരത്തിലേറെ തവണയാണ് ഫോണിൽ സംസാരിച്ചത്. പലപ്പോഴും മണിക്കൂറുകളോളം നീണ്ടതായിരുന്നു ഇവരുടെ സംഭാഷണം. ഇൻറർനെറ്റിൽ പലതരം കൊലപാതക രീതികളെക്കുറിച്ച് ഇരുവരും നിരന്തരം തിരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുൻപ് രണ്ട് തവണ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും, മൂന്നാം തവണത്തെ ശ്രമത്തിൽ ഇവർ ലക്ഷ്യം കാണുകയുമായിരുന്നു. കൊലപാതകം നടക്കുന്നത് വരെ യാതൊരുവിധ സംശയവും തോന്നിക്കാത്ത രീതിയിൽ കേതനെ അത്രമേൽ സ്നേഹിക്കുന്ന പെൺകുട്ടിയായി സിയ അഭിനയിക്കുകയായിരുന്നു. കൊലപാതകത്തിന് തലേദിവസം പൂനെയിലെ ഒരു കഫേയിൽ പ്രതികൾ രണ്ടുപേരും ഒരുമിച്ചെത്തി ഏറെനേരം സംസാരിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി പൊലീസിന് ലഭിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *