ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൾ ഒടുവിൽ പിടിയിലായി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ബെംഗളൂരുവിലെ കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്വേതയുടെ ലിവ്-ഇൻ പങ്കാളിയായ കെന്നത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വീട്ടിൽ തനിക്ക് യാതൊരുവിധ സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങൾ കാരണം ഒരു തടവുകാരിയെപ്പോലെയാണ് ജീവിച്ചതെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്വേത പൊലീസിന് മൊഴി നൽകി.
ഹൈസ്‌കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നത് വരെ അമ്മയുടെ കർശനമായ നിലപാടുകൾ കാരണം കൂട്ടുകാർക്ക് മുന്നിൽ താൻ പരിഹസിക്കപ്പെട്ടിരുന്നതായും, കുടുംബമുണ്ടായിട്ടും അനാഥയെപ്പോലെയാണ് ജീവിച്ചതെന്നുമുള്ള വെറുപ്പാണ് ഈ ദാരുണകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും പങ്കാളി കെന്നത്തും ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് അവിടെയുണ്ടായിരുന്നത്. അമ്മയുമായി ഉണ്ടായ കടുത്ത വാക്കുതർക്കത്തിനൊടുവിൽ വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അച്ഛൻ സോമസുന്ദറും അനിയത്തി സുപ്രിയയും പുറത്തുപോയി തിരിച്ചെത്തുന്നതിന് മുൻപായി ഇരുവരും ബാത്റൂമിൽ കയറി രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് വീട്ടിലെത്തിയ അച്ഛനെയും സഹോദരിയെയും ഇതേ രീതിയിൽ വകവരുത്തുകയായിരുന്നു. മൂന്ന് പേർക്ക് നേരെയും കത്തി വീശിയത് താൻ തന്നെയാണെന്നാണ് ശ്വേത പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.



