കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വാട്ടർ ബോട്ടിലിൽ വ്യാജമദ്യം എത്തിച്ച പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിലായ സംഭവത്തിന് പിന്നാലെ വൻ ചാരായവേട്ട. സ്കൂളിൽ വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ബാഗ് പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സഹപാഠി നൽകിയതാണെന്ന് പറഞ്ഞ് കുട്ടി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ സ്വന്തം രണ്ടാനച്ചൻ വാറ്റിയ ചാരായമാണിതെന്ന് വിദ്യാർത്ഥി സമ്മതിച്ചു. അച്ചൻ വ്യാജചാരായം വാറ്റാറുണ്ടെന്നും ഇതിന്റെ ആവശ്യങ്ങൾക്കായി പലപ്പോഴും തന്നെയും സഹായിയായി കൂട്ടാറുണ്ടെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
വിദ്യാർത്ഥിയുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിൽ നടത്തിയ അടിയന്തര പരിശോധനയിലാണ് ചാക്കിൽ കെട്ടിവെച്ച നിലയിൽ സൂക്ഷിച്ചിരുന്ന 28 ലിറ്റർ വ്യാജചാരായം കണ്ടെടുത്തത്. 56 കുപ്പികളിലായാണ് ഈ മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ഈ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, വീട്ടിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തിവന്ന കുട്ടിയുടെ രണ്ടാനച്ചൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.



