ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മലയാലപ്പുഴയിൽ നിന്നും സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുംവഴി വഴിമധ്യേ അവശനിലയിലായ യുവാവിന് രക്ഷകരായി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് സമയോചിതമായ ഇടപെടലിലൂടെ പൊലീസുകാർ തുണയായത്. പുലർച്ചെ കുമ്പഴ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം മലയാലപ്പുഴ ഭാഗത്തുനിന്ന് ഒരു കാർ അമിതവേഗതയിൽ വരുന്നത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് റോഡരികിൽ നിർത്തിയ കാറിന് സമീപത്തേക്ക് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് യുവാവ് സ്റ്റിയറിങ്ങിലേക്ക് തലതാഴ്ത്തി അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
തുടർന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്.സി.പി.ഒ ജോബിൻ ജോൺ കാറിന്റെ ഗ്ലാസിൽ തട്ടിവിളിച്ചപ്പോൾ, തനിക്ക് കടുത്ത അസ്വസ്ഥതയുണ്ടെന്നും എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഛർദിച്ച് പൂർണമായും അവശനായ സോനുവിനെ ജോബിൻ ജോൺ, സജി ഇസ്മായിൽ, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്ന് കാറിന്റെ പിൻസീറ്റിലേക്ക് മാറ്റി കിടത്തി. കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവറായ എ.എസ്.ഐ സജി ഇസ്മായിൽ ഉടൻ തന്നെ യുവാവിന്റെ കാറോടിച്ച് കേവലം മൂന്ന് മിനിറ്റിനുള്ളിൽ കുമ്പഴയിൽ നിന്നും പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സി.പി.ഒ മുഹമ്മദ് ഷഫീക്കിനൊപ്പം ജോബിൻ ജോൺ കൺട്രോൾ റൂം വാഹനവുമായി തൊട്ടുപിന്നാലെ ആശുപത്രിയിലെത്തി. യുവാവ് അപകടാവസ്ഥ തരണം ചെയ്ത് ജീവൻ സുരക്ഷിതമാണെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയ ശേഷമാണ് പൊലീസ് സംഘം അവിടെനിന്നും മടങ്ങിയത്.



