അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കി. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി ഉൾപ്പെടെയുള്ളവർക്കെതിരെ കേസിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം നിലവിൽ 17 പേരെ പ്രതികളാക്കിയിട്ടുണ്ട്. കൂടുതൽ തെളിവ ശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം വീണ്ടും അയോധ്യയിൽ എത്തിയിട്ടുണ്ട്. ചമ്പത് റായിയുടെ വിശ്വസ്തനായ രാംശങ്കർ യാദവിന്റെ കൈവശത്തുനിന്നും സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച 3500 കോടി രൂപയുടെ നോട്ടുകൾക്ക് പുറമെ സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയയിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ എസ്.ഐ.ടി, നിലവിലുള്ള ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് തങ്ങളുടെ പ്രാഥമിക റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് വഴിപാടുകൾ എണ്ണുന്ന ചുമതലയിലുണ്ടായിരുന്ന 40 ജീവനക്കാരെ അടിയന്തരമായി മാറ്റി നിർത്തുകയും സംഭാവനകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ സുരക്ഷ കർശനമാക്കുകയും ചെയ്തു. ഇനി മുതൽ ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന പണം നിലത്ത് പരവതാനി വിരിച്ച് മാത്രമേ എണ്ണാവൂ എന്നും, പണം എണ്ണുന്നതും മാറ്റുന്നതുമായ മുഴുവൻ പ്രക്രിയകളും പൂർണ്ണമായി വീഡിയോയിൽ ചിത്രീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, നിലവിലെ ക്ഷേത്ര ട്രസ്റ്റ് ഉടൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു കഴിഞ്ഞു. ക്ഷേത്രത്തിൽ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.



