കൊച്ചിയിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി നമ്പർ പ്ലേറ്റില്ലാതെ അമിതവേഗതയിൽ പായുകയും കൈകാണിച്ചിട്ടും നിർത്താതെ പോകുകയും ചെയ്ത ബൈക്ക് യാത്രികരെ ഒടുവിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് സിനിമാറ്റിക്കായ അന്വേഷണത്തിനൊടുവിലാണ്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനാൽ ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടും പ്രതികളെ കണ്ടെത്തുക ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ബൈക്ക് കടന്നുപോകുന്നതിനിടെ എടുത്ത ഫോട്ടോ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് യാത്രികർ ധരിച്ചിരുന്ന പ്രത്യേക തരം വസ്ത്രം ശ്രദ്ധയിൽപ്പെട്ടത്. അതൊരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ യൂണിഫോമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണം അങ്കമാലിയിലെ പ്രമുഖ സ്ഥാപനത്തിലേക്കാണ് എത്തിയത്. ഇതോടെ യാത്രികരെ കൃത്യമായി തിരിച്ചറിയാൻ അധികൃതർക്ക് സാധിച്ചു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ബൈക്കിൽ വരുത്തിയ രൂപമാറ്റം ഉൾപ്പെടെ നിരവധി ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടിയോടിക്കൽ, ഹെൽമറ്റ് ധരിക്കാതിരിക്കൽ, അമിത വേഗത, ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് നിർത്താതെ പോകൽ എന്നീ കുറ്റങ്ങൾ ചുമത്തി യാത്രികർക്ക് 23,500 രൂപ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. പിഴ ഈടാക്കിയതിന് പുറമെ ബൈക്കിൽ നിയമവിരുദ്ധമായി വരുത്തിയ എല്ലാ മാറ്റങ്ങളും നീക്കം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച്, മാറ്റം വരുത്തിയ ഹാൻഡിലും സൈലൻസറും യഥാസ്ഥിതിയിലാക്കി വാഹനം വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.



