India Mirror News

എഫ്‌സിആർഎ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്രം; ക്രൈസ്തവ സഭകളിൽ കടുത്ത ആശങ്ക, സിബിസിഐ അടിയന്തര യോഗം വിളിച്ചു.

എഫ്‌സിആർഎ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്രം; ക്രൈസ്തവ സഭകളിൽ കടുത്ത ആശങ്ക, സിബിസിഐ അടിയന്തര യോഗം വിളിച്ചു.

വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കടുത്ത രീതിയിൽ പരിഷ്കരിച്ചതിൽ രാജ്യത്തെ ക്രൈസ്തവ സഭകൾ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. നിയമഭേദഗതി ബില്ല് വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്രം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന പ്രതിസന്ധിയും തുടർന്നുള്ള നിയമനടപടികളും ചർച്ച ചെയ്യുന്നതിനായി കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്. ചട്ടങ്ങളിലെ പുതിയ മാറ്റങ്ങൾ നിയമവിരുദ്ധമാണെന്നാണ് സഭകളുടെ പ്രധാന വിമർശനം. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ദേവാലയങ്ങൾ നവീകരിക്കുക, വേദഗ്രന്ഥങ്ങൾ അച്ചടിക്കുക തുടങ്ങിയ 105 തരം നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്ക് മാത്രമേ ഇനി മുതൽ വിദേശ ഫണ്ട് വിനിയോഗിക്കാൻ സാധിക്കൂ. ഏത് ആവശ്യത്തിനാണ് പണം ചെലവഴിക്കുന്നത് എന്ന് രജിസ്‌ട്രേഷൻ സമയത്ത് തന്നെ കേന്ദ്ര സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും, മതപരിവർത്തന ആവശ്യങ്ങൾക്കായി പണം ഉപയോഗിക്കരുതെന്നും ചട്ടങ്ങളിൽ കർശനമായി വ്യക്തമാക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ഇത്തരത്തിൽ ചെലവഴിച്ച സ്ഥാപനങ്ങൾക്ക് മാത്രമേ ഇനി എഫ്‌സിആർഎ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ എന്ന നിബന്ധനയും ഉൾപ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ക്രൈസ്തവ സഭകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച ദേശീയ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ സഭകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ചട്ട ഭേദഗതി രാഷ്ട്രീയ തലത്തിലും വലിയ വിവാദങ്ങൾക്ക് വഴിതുറന്നു. ക്രൈസ്തവ സഭകളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, പുതിയ ചട്ട ഭേദഗതിക്ക് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ഇരു മുന്നണികളും പുതിയ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *