അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ ഉണ്ടായിരുന്ന 40 ജീവനക്കാരെ അടിയന്തരമായി മാറ്റി നിർത്തുകയും സംഭാവനകൾ തിട്ടപ്പെടുത്തുന്ന വിഭാഗത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇതിനോടകം തന്നെ നൂറിലധികം പേരെ ചോദ്യം ചെയ്യുകയും പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, ക്രമക്കേടുകൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ നിലവിലുള്ള ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ വിഷയം നിയമപോരാട്ടത്തിലേക്കും വഴിമാറി. പൊതുതാത്പര്യം സംരക്ഷിക്കുന്നതിനും ഭക്തരുടെ വിശ്വാസം നിലനിർത്തുന്നതിനും പ്രത്യേക ഓഡിറ്റ് മേൽനോട്ട സംവിധാനങ്ങൾ രൂപീകരിക്കണമെന്നും, കൃത്യമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ ശുപാർശ പ്രകാരം സംഭാവന എണ്ണുന്നതിനായി പുറത്തുനിന്നുള്ളവരെയും ബന്ധുക്കളെയും നിയമിച്ചതാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന അനുകുൽ മിശ്ര എന്ന ജീവനക്കാരൻ പണം എണ്ണുന്നതിനായി തന്റെ സഹോദരീ ഭർത്താവായ ലവ്കുഷ് മിശ്രയെ നിയമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമെ, ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും തൊഴിലാളികളെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്ന ഗുരുതര സുരക്ഷാവീഴ്ചയും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മഹാകുംഭമേളക്കാലത്താണ് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തത്. ഈ തിരക്ക് മുതലെടുത്താണ് കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ഈ കാലയളവിലെ സാമ്പത്തിക രേഖകളിലാണ് എസ്.ഐ.ടി ഇപ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തുവന്നതിനെത്തുടർന്നാണ് യു.പി. സർക്കാർ പ്രത്യേക അന്വേഷണത്തിനായി എസ്.ഐ.ടിയെ നിയോഗിച്ചത്.



