സംസ്ഥാന സർക്കാരിന്റെ മദ്യനികുതി കുറയ്ക്കാനുള്ള തീരുമാനം വലിയ തോതിൽ മദ്യവ്യാപനത്തിന് കാരണമാകുമെന്ന കടുത്ത മുന്നറിയിപ്പുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ നികുതി കുറയ്ക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നിട്ടും ‘റെഡി ടു ഡ്രിങ്ക്’ വിഭാഗത്തിലുള്ള മദ്യത്തിന്റെ നികുതി കുറയ്ക്കാൻ അന്ന് തീരുമാനമെടുത്തിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ടൂറിസം മേഖലയ്ക്ക് സഹായകരമാകുമെന്ന വാദമുയർത്തിയാണ് ഇപ്പോൾ നികുതി കുറച്ചിരിക്കുന്നത്. എന്നാൽ ഇത് സമൂഹത്തിൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെക്കൂടി സൃഷ്ടിക്കുമെന്നും, സർക്കാരിന് വരുമാനം ലഭിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇത് ‘സോഷ്യൽ ഡ്രിങ്കിങ്ങിന്’ പരസ്യമായി ലൈസൻസ് നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് നിലവിലെ മന്ത്രിസഭയ്ക്കുള്ളിൽത്തന്നെ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ നികുതി ഇളവിനെക്കുറിച്ച് മന്ത്രിസഭ ഒട്ടും അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനുപുറമെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ നിന്നും ഇതിനെതിരെ ശക്തമായ എതിരഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. മുൻപ് മാത്യു കുഴൽനാടൻ, അൻവർ സാദത്ത് തുടങ്ങിയ ജനപ്രതിനിധികൾ നിയമസഭയിൽ ഈ വിഷയം ചോദ്യം ചെയ്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ബജറ്റ് തീരുമാനം അങ്ങേയറ്റം അപകടകരമാണെന്ന് ഇതിനകം തന്നെ തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ സർക്കാർ ഈ തീരുമാനത്തിൽ നിന്നും എത്രയും വേഗം പിന്മാറാൻ തയ്യാറാകണം. ഇതിനെ ഒരു ഈഗോയുടെ പ്രശ്നമായി കാണരുതെന്നും, താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ദുർവാശി ഉപേക്ഷിച്ച് ജനഹിതം മാനിച്ച് തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പഴവർഗ്ഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ‘ഹോർട്ടി വൈനിന്റെ’ നികുതി ഘടന മാത്രമാണ് നിശ്ചയിച്ചിരുന്നതെന്നും പുതിയ നികുതി ഘടന വന്നത് താൻ അറിഞ്ഞില്ലെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. ഈ തീരുമാനത്തിനെതിരെ ആര് വിമർശനം ഉന്നയിച്ചാലും അതിൽ വസ്തുതയുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.



