സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി (HDFC) ബാങ്കിലുള്ള വീണ വിജയന്റെ ലോക്കറിൽ ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയാണ്. കേസിൽ കഴിഞ്ഞ ദിവസം വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധന നടക്കുന്നത്. ഈ ലോക്കർ വിവരങ്ങൾ കൂടി കൃത്യമായി അവലോകനം ചെയ്ത ശേഷം വീണ വിജയനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകുന്നതിൽ നിന്നും വീണ സാവകാശം തേടിയിരുന്നെങ്കിലും, ഇഡി നിർദ്ദേശപ്രകാരം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
പ്രധാനമായും രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കണക്കുകളാണ് ചോദ്യം ചെയ്യലിൽ വീണയ്ക്ക് ബോധിപ്പിക്കേണ്ടി വന്നത്. ഈ തുകയുടെ സ്രോതസ്സ്, ഇത് എങ്ങനെയൊക്കെ കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി വിശദമായ മറുപടി തേടുന്നത്. കേസിൽ നേരത്തെ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) പക്കലുണ്ടായിരുന്ന 134 നിർണായക രേഖകൾ കോടതി ഉത്തരവിലൂടെ ഇഡിക്ക് കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. വീണ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ 2016 ലും 2017 ലും ഒപ്പുവെച്ച കരാറുകളെക്കുറിച്ചും, അതിന്റെ ഭാഗമായി നടന്ന സാമ്പത്തിക വിനിമയങ്ങളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കൂടാതെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള ‘എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രേഖകളും ഇഡി സംഘം വിശദമായി പരിശോധിച്ചു കഴിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശശിധരൻ കർത്തായുടെ ഭാര്യ ജയ കർത്താ, മകൻ ശരൺ കർത്താ, മകൾ ഷിബി കർത്താ എന്നിവർ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇവർ നൽകിയ മൊഴികളും വീണ വിജയൻ ചോദ്യം ചെയ്യലിൽ നൽകിയ മറുപടികളും തമ്മിൽ ഒത്തുനോക്കി കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഇഡിയുടെ ലക്ഷ്യം. മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് മൂന്ന് ആഴ്ച മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ചും തുടർന്ന് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു. കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് കൊച്ചിയിലെ ഇഡി യൂണിറ്റ് അന്വേഷണ നടപടികൾ വേഗത്തിലാക്കിയത്.



