India Mirror News

ലൈറ്റ് മെട്രോയും റബർ താങ്ങുവില വർദ്ധനയും മുതൽ ‘മിഷൻ സമുദ്ര’ വരെ; വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു

ലൈറ്റ് മെട്രോയും റബർ താങ്ങുവില വർദ്ധനയും മുതൽ ‘മിഷൻ സമുദ്ര’ വരെ; വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു

എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’ ഉൾപ്പെടെ നിരവധി വൻകിട പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇതിന്റെ ഭാഗമായി തുറമുഖ മേഖലയ്ക്ക് വൻ പ്രാധാന്യം നൽകിയ ബജറ്റിൽ, ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്നും പ്രഖ്യാപനമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് 50 കോടി രൂപ ചെലവിൽ ‘സതേൺ കേരള ഇക്കോണമിക് കോറിഡോർ’ സ്ഥാപിക്കും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 200 കോടി രൂപ വകയിരുത്തി ‘ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബ്’ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി വിമാനത്താവളത്തിന് സമീപം ഒരു ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൊഴിൽ ശക്തി ആസൂത്രണം മുഖ്യ ചുമതലയാക്കിക്കൊണ്ട് തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിന് തുടക്കമിടാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്‌നോളജിയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം സ്വകാര്യ ഉപഗ്രഹ നിർമ്മാണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കാരുണ്യ പ്രവർത്തനങ്ങൾക്കായി പാവപ്പെട്ട കുട്ടികളുടെ ചികിത്സയും ദുർബല വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും ലക്ഷ്യമിട്ട് ‘വൺ കേരള കരുതൽ മിഷൻ’ സ്ഥാപിക്കും. കൂടാതെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ‘ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ നടപ്പിലാക്കുമെന്നും ബജറ്റിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി 100 കോടി രൂപ വകയിരുത്തി ‘കേരള നോളജ് വാലി’ സ്ഥാപിക്കും. വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടിയും അനുവദിച്ച സർക്കാർ, മുൻ സർക്കാരിന്റെ സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും വ്യക്തമാക്കി.

യാത്രാക്ലേശത്തിന് പരിഹാരമായി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ മാറ്റിവെച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയ്ക്ക് ഉണർവേകാൻ മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചു. കേരളത്തെ ഒരു പ്രമുഖ സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ബജറ്റിൽ, കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർധിപ്പിക്കുമെന്ന നിർണായക പ്രഖ്യാപനവുമുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *