കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന വിലക്കേർപ്പെടുത്തി യുഎഇ ഗവൺമെന്റ്. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് യുഎഇ ക്യാബിനറ്റ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇത്തരം ഒരു നിർണായകമായ നിയമം നടപ്പിലാക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. മുൻപ് രണ്ടായിരത്തി ഇരുപത്തിനാലിൽ നടത്തിയ ഒരു സർവേ പ്രകാരം യുഎഇയിലെ കുട്ടികൾ ദിവസേന മൂന്ന് മണിക്കൂറിലധികം സമയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. കുട്ടികളിലെ ഈ അമിത ഉപയോഗം കടുത്ത ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന പിന്നാക്കാവസ്ഥ, ചിലരിൽ സംസാര വൈകൽ എന്നിവയ്ക്ക് കാരണമാകുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
മന്ത്രിസഭ പുറപ്പെടുവിച്ച പുതിയ പ്രമേയത്തിലെ വ്യവസ്ഥകൾ പ്രകാരം പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ടുകൾ നിർമ്മിക്കാനോ, മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ, അവയുടെ സവിശേഷതകൾ പൂർണ്ണമായി ആക്സസ് ചെയ്യാനോ അനുവാദമുണ്ടാകില്ല. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മാതാപിതാക്കൾ തന്നെ സമ്മതം നൽകിയാൽ പോലും അത് നിയമപരമായ ഇളവായി പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായി ഏകോപിപ്പിച്ച് ഈ പുതിയ മാനദണ്ഡങ്ങൾ ക്രമേണ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് പന്ത്രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുഎഇക്ക് പുറമെ നേരത്തെ യുകെ, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.



