ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതനെ ശക്തമായി പ്രശംസിച്ചും പൊലീസിനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമർശിച്ചും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്ത്. വട്ടിയൂർക്കാവിലെ സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ ധൈര്യപൂർവ്വം നിലകൊണ്ടതുകൊണ്ടാണ് സുഗതൻ കാപ്പ കേസ് പ്രതിയായതെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കേരളത്തിൽ ഭരണം മാറിയെങ്കിലും പൊലീസിന്റെ ശൈലിയിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും, ഇപ്പോഴും പോലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികാരികളും സിപിഐഎമ്മിന്റെ അടിമകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സുഗതന്റെ വീടിന് മുന്നിൽ ജൂൺ ഒൻപതിന് രാത്രി അരങ്ങേറിയത് സിപിഐഎം നേതാക്കൾ തിരക്കഥയെഴുതിയ നാടകമാണെന്നും, വലിയൊരു മാഫിയാ തലവനെയോ തീവ്രവാദിയെയോ പിടികൂടുന്നതുപോലെയുള്ള നാടകീയ രംഗങ്ങളാണ് പോലീസ് അവിടെ സൃഷ്ടിച്ചതെന്നും ശ്രീലേഖ ചൂണ്ടിക്കാണിച്ചു. വെറും നാലുപേർ മാത്രമുള്ള വീട്ടിലേക്ക് സായുധ പോലീസുമായി ചെന്ന് സ്ത്രീകളെയും കുട്ടികളെയും തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും, ആകാശത്തേക്ക് വെടിവച്ച് മഫ്തിയിൽ വന്ന് ചീപ്പ് ഹീറോയിസം കാണിക്കുകയും ചെയ്ത എസ്എച്ച്ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും മുൻ ഡിജിപി വിമർശിച്ചു. അഡ്വ. വി.കെ. പ്രശാന്തിനെ വിജയിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ മുൻ സിപിഐഎം സർക്കാർ ചെങ്ങന്നൂരിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന് വട്ടിയൂർക്കാവിൽ നിയമിച്ച ഉദ്യോഗസ്ഥനാണ് ഈ എസ്എച്ച്ഒ എന്നും അവർ ആരോപിച്ചു.
സുഗതൻ ഒരു ഗുണ്ടയല്ലെന്നും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ജനപ്രതിനിധിയാണെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ അല്ലാതെ മറ്റാർക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ലെന്നും, അദ്ദേഹത്തിന്റേത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നെന്നും വ്യക്തമാക്കിയ അവർ പൊലീസിന്റേത് വെറും ‘പട്ടിഷോ’ ആണെന്നും പരിഹസിച്ചു. വട്ടിയൂർക്കാവിലെ അനധികൃത പ്രവൃത്തികളെ ചോദ്യം ചെയ്തതിനാണ് സിപിഐഎം നേതാക്കളുടെ ആജ്ഞപ്രകാരം സുഗതനെതിരെ പോലീസ് ഇത്രയധികം കള്ളക്കേസുകൾ എടുത്തത്. ഇതൊക്കെ കൃത്യമായി അറിയാവുന്നത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ സുഗതനെ വിജയിപ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 25 വാർഡുകളിൽ 11 എണ്ണം ബിജെപിയും ഒൻപതെണ്ണം കോൺഗ്രസും നേടിയത് സിപിഐഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് അറിഞ്ഞപ്പോൾ മുതൽ തനിക്കെതിരെയും പോലീസ് രണ്ട് കള്ളക്കേസുകൾ എടുത്തിരുന്നതായി ശ്രീലേഖ വെളിപ്പെടുത്തി. ഇത്തരം അതിക്രമങ്ങൾ ഇപ്പോഴും കമ്മ്യൂണിസ്റ്റ് വിധേയത്വം മാറാത്ത പൊലീസുകാർ സർക്കാരിനെ അറിയിക്കില്ല എന്നത് കൊണ്ടാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു. ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിന്റെ ഇത്തരം നടപടികളെ അഭിനന്ദിക്കുന്ന ആഭ്യന്തരമന്ത്രി കോൺഗ്രസുകാരനല്ല, മറിച്ച് ഇൻഡി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.



