നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെ നേരിൽ കാണാനും നമ്മുടെ സങ്കടങ്ങൾ ഒന്ന് ബോധിപ്പിക്കാനും ദിവസങ്ങളോ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങൾ തന്നെയോ കാത്തിരിക്കേണ്ടി വരുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. പലപ്പോഴും ഭരണാധികാരികളുടെ പത്രാസിനും പ്രോട്ടോക്കോളിനും മുന്നിൽ സാധാരണക്കാരന്റെ ശബ്ദം വഴിമുട്ടാറുണ്ട്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപ്പറത്തി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണീരൊപ്പിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആ ജനകീയ ശൈലി മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, സാധാരണക്കാരായ ജനങ്ങൾക്കായി തന്റെ വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണ് കടുത്തുരുത്തിയുടെ സ്വന്തം ജനനായകൻ അഡ്വ: മോൻസ് ജോസഫ്.
സംസ്ഥാന ജലവിഭവ-ഭവന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫിനെ ഒരുനോക്ക് കാണാനും തങ്ങളുടെ പരാതികളും സങ്കടങ്ങളും നേരിട്ട് അറിയിക്കാനുമായി ഞായറാഴ്ച രാവിലെ മുതൽ അദ്ദേഹത്തിന്റെ വസതിയിൽ വലിയൊരു ജനസാഗരം തന്നെയാണ് ദൃശ്യമായത്. നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ മോൻസ് ജോസഫ്, രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നടത്തുന്ന നേതാവാണ്. ഉമ്മൻ ചാണ്ടിക്ക് ശേഷം ജനങ്ങളിലേക്ക് ഇത്രയധികം ഇറങ്ങിച്ചെല്ലുന്ന കടുത്തുരുത്തിയുടെ സ്വന്തം മോൻസ് ജോസഫ് കൂടുതൽ ജനപ്രിയനായി മാറിക്കൊണ്ടിരിക്കുകയാണ്.
കടുത്തുരുത്തി പള്ളിയിലെ പ്രഭാത കുർബാന കഴിഞ്ഞ് കൃത്യം എട്ടരയോടെയാണ് അദ്ദേഹം വസതിയിൽ തിരിച്ചെത്തുന്നത്. എന്നാൽ അപ്പോഴേക്കും തങ്ങളുടെ പ്രിയ നേതാവിനെ കാത്ത് വലിയൊരു ജനസാഗരം തന്നെ ആ വീട്ടുപടിയ്ക്കൽ രൂപപ്പെട്ടിരുന്നു. ജനങ്ങളുടെ ഓരോ പരാതികളും സങ്കടങ്ങളും അത്രമേൽ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിലാണ് പ്രദേശത്ത് ചാറ്റൽമഴ ശക്തിപ്പെടുന്നത്. ഇതോടെ ഒട്ടും സമയം കളയാതെ അദ്ദേഹം ജനങ്ങൾക്കൊപ്പം കാർപോർച്ചിലേക്ക് മാറി തന്റെ ജനസമ്പർക്കം തുടർന്നു. പ്രഭാതഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ, തുടർച്ചയായി നാല് മണിക്കൂറിലധികം സാധാരണക്കാരുടെ പ്രശ്നപരിഹാരങ്ങൾക്കായി അദ്ദേഹം പൂർണ്ണമായി മാറ്റിവെക്കുകയായിരുന്നു. ജനങ്ങളുടെ ഈ തിരക്കുമൂലം സ്വന്തം വീട്ടിനുള്ളിലേക്ക് ഒന്നു കയറാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ് ഈ ജനകീയതയുടെ ഏറ്റവും വലിയ തെളിവ്.
അധികാരത്തിന്റെ പത്രാസിൽ സാധാരണക്കാരനെ മറന്നുപോകുന്ന ഭരണാധികാരികൾക്കിടയിൽ, വിശപ്പിന്റെ വിളിപോലും മാറ്റിവെച്ച് ജനങ്ങൾക്കായി നിലകൊള്ളുന്ന ഇത്തരം കാഴ്ചകളാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ഭംഗി. ഒരു ജനനായകൻ എങ്ങനെയായിരിക്കണം എന്നതിന് കടുത്തുരുത്തിയിൽ നിന്നും മോൻസ് ജോസഫ് നൽകുന്ന ഈ മറുപടി വരുംതലമുറയിലെ രാഷ്ട്രീയക്കാർക്കും ഒരു മികച്ച പാഠപുസ്തകമാണ് എന്നതിൽ തർക്കമില്ല.



