തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാഗ്യാരണ്ടികൾ പൂർണ്ണമായി നടപ്പാക്കുമെന്നും ലഹരിക്കെതിരെ ഒരടിപോലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് വി. ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപനം നിയമസഭയിൽ നടന്നു. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെങ്കിലും ഈ വെല്ലുവിളികളെ ഒന്നിച്ച് നേരിട്ട് അവസരങ്ങളാക്കി മാറ്റുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കി. മാനുഷികതയിലൂന്നിയ, തികച്ചും സുതാര്യമായ ഭരണമാണ് വി. ഡി. സതീശൻ സർക്കാർ ലക്ഷ്യമിടുന്നത്. ‘ക്ലീൻ ഗവേണൻസ്’ അഥവാ അഴിമതിരഹിതവും വ്യക്തവുമായ ഭരണം എന്നതായിരിക്കും പുതിയ സർക്കാരിന്റെ മുഖ്യ മുദ്രാവാക്യമെന്നും നയപ്രഖ്യാപനം അടിവരയിടുന്നു.
സംസ്ഥാനത്തെ ഉത്കണ്ഠപ്പെടുത്തുന്ന രാസലഹരി ഉൾപ്പെടെയുള്ള എല്ലാത്തരം ലഹരിവസ്തുക്കളുടെയും വേരറുക്കാൻ സമഗ്രവും ശക്തവുമായ പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കും. ഇതിനായി എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് വിപുലമായ കർമ്മപദ്ധതി രൂപീകരിക്കും. സ്കൂളുകൾ വഴി ബോധവൽക്കരണം വ്യാപകമാക്കുന്നതിനൊപ്പം ഓൺലൈൻ ലഹരി ശൃംഖലകളെ കർശനമായി തടയും. ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന വിപ്ലവാത്മക പ്രഖ്യാപനവും ഇതിലുണ്ട്. ജനങ്ങളുടെ യഥാർത്ഥ സംരക്ഷകരായി പോലീസ് സംവിധാനത്തെ മാറ്റിയെടുക്കുമെന്നും, ക്രമസമാധാന പരിപാലനം കൂടുതൽ ആധുനികവത്കരിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. ആരോഗ്യരംഗത്ത് ആശുപത്രി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാരുമായി ഫെഡറലിസത്തിൽ ഊന്നിയുള്ള ക്രിയാത്മകവും സൗഹാർദ്ദപരവുമായ ബന്ധമാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമത്തിനായി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രത്യേക വകുപ്പ് രൂപീകരിച്ച കാര്യം വ്യക്തമാക്കിയ ഗവർണർ, കേരളത്തെ മികച്ചൊരു തുറമുഖ വികസന ഹബായി പടുത്തുയർത്തുമെന്നും പ്രഖ്യാപിച്ചു.
കാർഷിക മേഖലയ്ക്ക് വലിയ പരിഗണനയാണ് നയപ്രഖ്യാപനത്തിൽ നൽകിയിട്ടുള്ളത്. കൃഷിയെ സർക്കാരിന്റെ മുഖ്യവിഷയമായി പരിഗണിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണും. വനിതാ കർഷകർക്ക് പ്രത്യേക മുൻഗണന നൽകുന്നതിനൊപ്പം കൂടുതൽ സ്ത്രീകളെ കൃഷിയിലേക്ക് ആകർഷിക്കാൻ ഈ വർഷം തന്നെ വനിതാ കർഷകരുടെ പ്രത്യേക കൺസോർഷ്യം രൂപീകരിക്കും. ഇതിനൊപ്പം സംസ്ഥാനവ്യാപകമായി മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കാനും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്ക് സ്ഥാപിച്ച് സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. നാടിനെ നടുക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ആധുനിക സാങ്കേതിക വിദ്യകൾ വലിയ തോതിൽ പ്രയോജനപ്പെടുത്തും. സഹകരണ മേഖലയെ അഴിമതിവിമുക്തമാക്കാനും അതിന്റെ ഭരണസംവിധാനം കൂടുതൽ ജനാധിപത്യവത്കരിക്കാനും സഹകരണ-വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കും. സഹകരണ മേഖലയിൽ നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീര സഹകരണ സംഘങ്ങളിൽ അടക്കം ഉടൻ തന്നെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും ഉറപ്പുനൽകുന്നു.
സാങ്കേതിക-വ്യാവസായിക രംഗത്തും കാതലായ മാറ്റങ്ങളാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. ഐ.ടി മിഷനെ ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷൻ’ ആയി പുനഃസംഘടിപ്പിക്കും. ഒപ്പം ഐ.ടി വകുപ്പിന്റെ പേര് ‘ഐ.ടി ഫ്യൂച്ചർ ടെക്നോളജി’ എന്ന് മാറ്റും. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് പരമാവധി പ്രാമുഖ്യം നൽകി ഉൽപാദന മേഖല ശക്തിപ്പെടുത്തും. വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താൻ പ്രത്യേക ലാൻഡ് ബാങ്ക് രൂപീകരിക്കാനും, സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് രജിസ്റ്റർ ചെയ്യാൻ മാത്രമായി പ്രത്യേകം പോർട്ടൽ സജ്ജമാക്കാനും സർക്കാർ തീരുമാനിച്ചതായി നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കുന്നു.



