മാസപ്പടി കേസിൽ കോഴിക്കോട്ടെ തന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്കെതിരെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ, റെയ്ഡ് നടക്കുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു തരത്തിലുള്ള ഭീഷണികൾ ഉണ്ടായാലും, തല പോയാലും ശരി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും ഇത്തരം പയറ്റുകൾ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നൽകി. സംഘപരിവാറും കേന്ദ്ര സർക്കാരും ഉയർത്തുന്ന തെറ്റായ നിലപാടുകളെ ഇനിയും ശക്തമായി തുറന്നുകാട്ടുക തന്നെ ചെയ്യും. ഇ.ഡിയല്ല, ഇനി ആര് വന്നാലും രാഷ്ട്രീയ പ്രവർത്തനവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും മറ്റ് കാര്യങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡ് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് റിയാസിന്റെ അഭിഭാഷകൻ അഡ്വ. സി. എം. ജംഷീർ കുറ്റപ്പെടുത്തി. മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ രേഖാമൂലം എഴുതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പരിശോധനയുടെ പേരിൽ റിയാസിന്റെ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ഇ.ഡി സംഘം ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും അഭിഭാഷകൻ ആരോപിച്ചു. വീട്ടിലുള്ളവർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ ഉദ്യോഗസ്ഥർ അനുവാദം നൽകിയില്ല. കുടുംബത്തെ ഒന്നടങ്കം കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിക്കുന്ന രീതിയിലാണ് ഇ.ഡി പെരുമാറിയത്. വിവരങ്ങൾ സംസാരിക്കാൻ എത്തിയ അഭിഭാഷകരെ പോലും അകത്തേക്ക് പ്രവേശിപ്പിക്കാനോ ഇടപെടാനോ അവർ തയ്യാറായില്ല. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് സമാനമായ രീതിയിലാണ് ഇ.ഡി സംഘം വീട്ടിൽ പെരുമാറിയതെന്നും, ഈ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഡ്വ. സി. എം. ജംഷീർ വ്യക്തമാക്കി.



