India Mirror News

കേരളത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷത്തിന്റെ വരവ് വൈകും

കേരളത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷത്തിന്റെ വരവ് വൈകും

സംസ്ഥാനത്തെ നിലവിലുള്ള മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. മുൻപ് മറ്റ് മൂന്ന് ജില്ലകളിൽ നൽകിയിരുന്ന മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് പിൻവലിച്ചിട്ടുമുണ്ട്. വരുന്ന മെയ് 27 വരെ സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടവപ്പാതി അഥവാ കാലവർഷത്തിന്റെ വരവിനായി ഇനിയും കാത്തിരിക്കേണ്ടി വരും. മുൻപ് പ്രവചിച്ചതുപോലെ നാളെ കാലവർഷം കേരളത്തിൽ എത്തില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *