തമിഴ്നാട്ടിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പതിനേഴാം നിയമസഭയുടെ ആദ്യ സമ്മേളനം എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രോടേം സ്പീക്കർ കറുപ്പയ്യയാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ടിവികെ മന്ത്രിമാരും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെയുടെ ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ എടപ്പാടി കെ. പളനിസാമി, ഒ. പനീർശെൽവം എന്നിവരും അംഗങ്ങളായി അധികാരമേറ്റു.
നാളെ നടക്കാനിരിക്കുന്ന സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. നിലവിൽ പിളർപ്പിന്റെ വക്കിലുള്ള അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ വിജയ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കാനൊരുങ്ങുന്നതായാണ് സൂചന. ഇവർ കൂടി വോട്ട് ചെയ്യുന്ന പക്ഷം ഭരണകക്ഷി സ്ഥാനാർത്ഥിക്ക് 150-ഓളം വോട്ടുകൾ സഭയിൽ ലഭിച്ചേക്കും.
അതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വിജയ്യും ഒന്നിച്ചുള്ള ഇൻസ്റ്റാഗ്രാം റീലുകൾ തടഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തി. റീലുകൾ ബ്ലോക്ക് ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്നും സാങ്കേതികമായ പിഴവുകൾ മൂലമാകാം ഇൻസ്റ്റാഗ്രാം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിന്റെ ആഭ്യന്തര സംവിധാനങ്ങൾ പോസ്റ്റിനെ തെറ്റായി ഫ്ലാഗ് ചെയ്തതാകാനാണ് സാധ്യതയെന്നും കേന്ദ്രം വിശദീകരിച്ചു. നേരത്തെ, പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ഇത്തരത്തിൽ ഇടപെടുന്നത് എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.



