കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്ലിം ലീഗ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വോട്ടർമാരോടും അണികളോടും മറുപടി പറയാനാകാത്ത സാഹചര്യമാണെന്നും എംഎൽഎമാരുടെ വിജയാഹ്ലാദ പ്രകടനങ്ങൾ പോലും നടത്താൻ കഴിയുന്നില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി. അബ്ദുൽ ഹമീദ് എംഎൽഎ വ്യക്തമാക്കി. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങൾ നൽകിയ വലിയ വിജയം ആഘോഷിക്കാൻ കഴിയാത്ത വിധം ചർച്ചകൾ നീണ്ടുപോകുന്നത് നിരാശാജനകമാണെന്നും, ഇത്രയും വലിയ വിജയം വേണ്ടിയിരുന്നില്ല എന്ന് പോലും ജനങ്ങൾ ചിന്തിച്ചു തുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നും ഇത്തരം തർക്കങ്ങൾ പരിഹരിക്കേണ്ടവർ തന്നെ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലേക്ക് മത്സരിക്കാത്തവരെ മുഖ്യമന്ത്രിയാക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ സാഹചര്യം വ്യക്തമായി അറിയാമെന്നും ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും ലീഗ് അത് അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും, പദവികൾക്കായി തങ്ങൾ സമ്മർദ്ദം ചെലുത്തില്ലെന്നും വ്യക്തമാക്കിയ അബ്ദുൽ ഹമീദ്, ദീർഘകാലമായുള്ള കോൺഗ്രസ്-ലീഗ് ബന്ധത്തിന് വിള്ളലേൽക്കുന്ന തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന പ്രത്യാശയും പങ്കുവെച്ചു.



