കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി അണികൾ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി വി.ഡി. സതീശൻ. നേതാക്കൾക്കായി പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അടിയന്തരമായി ഒഴിവാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. യുഡിഎഫ് 102 സീറ്റുകൾ നേടി ചരിത്രവിജയം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികൾ പലയിടത്തും പരസ്യമായ ശക്തിപ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.
നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായും എഐസിസി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു. വിജയത്തിന്റെ ആവേശം നിലനിർത്തേണ്ട സമയത്ത് അനാവശ്യമായ തർക്കങ്ങൾക്കും പ്രകടനങ്ങൾക്കും മുതിരരുതെന്ന് അദ്ദേഹം സ്നേഹപൂർവ്വം ആവശ്യപ്പെട്ടു. ഹൈക്കമാൻഡും കെപിസിസിയും നേരത്തെ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും തെരുവിലെ പോര് അവസാനിച്ചിരുന്നില്ല. ഇതിനിടെ, വി.ഡി. സതീശന് ഡൽഹിയിൽ ‘ടീം ജെൻ സി’ (Team Gen Z) എന്ന വിദ്യാർത്ഥി കൂട്ടായ്മ സ്വീകരണം ഒരുക്കുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.



