India Mirror News

ഗവർണർക്കെതിരെ കമൽഹാസൻ; വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

ഗവർണർക്കെതിരെ കമൽഹാസൻ; വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനവിധിയെയും തമിഴ്‌നാടിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിനൊപ്പമായിരുന്നെങ്കിലും, സംസ്ഥാനത്തെ ഭരണഘടനാപരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കമൽഹാസൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 108 സീറ്റുകൾ നേടിയ വിജയ്‌യുടെ പാർട്ടിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാൻ ഗവർണർ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട 233 പ്രതിനിധികൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തത് നാണക്കേടാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, നിയമസഭയിലാണെന്ന എസ്.ആർ. ബൊമ്മൈ കേസിലെ സുപ്രീം കോടതി വിധി കമൽഹാസൻ ഓർമ്മിപ്പിച്ചു. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ആദ്യം ക്ഷണിക്കേണ്ടത്. ഇത് വെറും കക്ഷിരാഷ്ട്രീയമല്ല, മറിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജനവിധി മാനിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകാൻ തയ്യാറായ തന്റെ ‘സഹോദരൻ’ എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയ പക്വതയെ മാനിക്കുന്നതായും കമൽഹാസൻ കുറിച്ചു. തമിഴ്‌നാടിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ഗവർണറുടെ ഓരോ നീക്കവും ജനാധിപത്യത്തിന് നിർണ്ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *