India Mirror News

തിരിച്ചടി അപ്രതീക്ഷിതം, ജനവിധി മാനിക്കുന്നു; പിണറായി വിജയൻ

തിരിച്ചടി അപ്രതീക്ഷിതം, ജനവിധി മാനിക്കുന്നു; പിണറായി വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായതെന്നും എന്നാൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. വിജയം കൈവരിച്ച യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം, നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ സർക്കാരിന്മേൽ ജനാധിപത്യപരമായ സമ്മർദ്ദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു.

തുടർച്ചയായ മൂന്നാം വിജയം കൈവിട്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങൾ മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് പിണറായി വിജയൻ നിരീക്ഷിച്ചു. ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അതേസമയം ജനക്ഷേമകരമായ നടപടികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും മതനിരപേക്ഷത ആഗ്രഹിക്കുന്നവരെ ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കണമെന്നും അർദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ കാര്യങ്ങളെയും ആശ്രയിച്ചുള്ള പ്രചാരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. നുണക്കഥകൾക്കും കോർപ്പറേറ്റ് ബുദ്ധികൾക്കും തങ്ങളെ പിന്നോട്ടടിക്കാനാവില്ലെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി എൽഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *