India Mirror News

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; വി.ഡി. സതീശനായി അണികൾ തെരുവിൽ

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; വി.ഡി. സതീശനായി അണികൾ തെരുവിൽ

കേരളത്തിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, വി.ഡി. സതീശനായി അണികൾ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂർ ഇരിട്ടിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സതീശനെ പിന്തുണച്ച് പ്രകടനം നടത്താൻ ‘പേരാവൂർ കോൺഗ്രസുകാർ’ എന്ന പേരിൽ പ്രവർത്തകർ ആഹ്വാനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചവനെ ഭരണനേതൃത്വം ഏൽപ്പിക്കാൻ തയ്യാറായില്ലെങ്കിൽ വീടുവീടാന്തരം കയറി വോട്ട് ചോദിച്ച തങ്ങൾക്കും പലതും ചെയ്യാൻ കഴിയുമെന്ന ശക്തമായ താക്കീതാണ് ഇവർ നൽകുന്നത്.

സതീശനെ പിന്തുണച്ചുകൊണ്ടുള്ള നീക്കങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ദൃശ്യമായിക്കഴിഞ്ഞു. ഇന്നലെ കോട്ടയം എരുമേലി പമ്പാവാലിയിൽ മുൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനം നടന്നിരുന്നു. ഇതിനുപുറമെ, കോട്ടയം പ്രസ് ക്ലബ്ബിന് മുന്നിൽ ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന വിശേഷണത്തോടെ സതീശനായി കൂറ്റൻ ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ തന്നെ നിയോഗിക്കണമെന്നും അല്ലാത്തപക്ഷം അത് ഹൈക്കമാൻഡിനുള്ള മുന്നറിയിപ്പായി മാറുമെന്നുമാണ് ഈ അണികളുടെ വാദം. സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും വി.ഡി. സതീശൻ പുലർത്തിയ മികവ് ഭരണനേതൃത്വത്തിലും പ്രതിഫലിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിജയത്തിന്റെ ആവേശം നിലനിൽക്കുമ്പോഴും നേതൃത്വത്തെ കുഴപ്പിക്കുന്ന ഈ അധികാരത്തർക്കം വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ വെല്ലുവിളിയായി മാറാനാണ് സാധ്യത.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *