തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് എഐഎഡിഎംകെ എൻഡിഎ സഖ്യം വിടാനൊരുങ്ങുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പുറത്തുനിന്ന് പിന്തുണ നൽകാനാണ് എഐഎഡിഎംകെയുടെ നീക്കം. നാൽപ്പതിലധികം നിയുക്ത എംഎൽഎമാർ വിജയ്‌യെ പിന്തുണയ്ക്കുമെങ്കിലും ഭരണത്തിൽ പങ്കാളികളാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവർ കൈക്കൊണ്ട ഈ തീരുമാനത്തിന് ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി സമ്മതം മൂളിയതായാണ് വിവരം. എൻഡിഎ സഖ്യം വിടുന്ന കാര്യത്തിൽ എഐഎഡിഎംകെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.
എഐഎഡിഎംകെയ്ക്ക് പുറമെ കോൺഗ്രസും വിജയ് സർക്കാരിന് നിബന്ധനകളില്ലാതെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന നേതൃയോഗത്തിലാണ് കോൺഗ്രസ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ സർക്കാർ രൂപീകരണത്തിനുള്ള വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ് ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഗവർണർക്ക് മുന്നിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതോടെ തമിഴ്‌നാട്ടിൽ ‘വിജയ് യുഗത്തിന്’ തുടക്കമാകും. നാളെ രാവിലെ 11.30-ന് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പരമ്പരാഗത രാഷ്ട്രീയ എതിരാളികൾ പോലും വിജയ്‌ക്ക് പിന്നിൽ അണിനിരക്കുന്നു എന്നത് ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



