കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, സംസ്ഥാനത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. താൻ നടത്തിയ സർവേ പ്രകാരം 86 സീറ്റുകൾ യുഡിഎഫ് ഉറപ്പിച്ചതായും, ആകെ 140 അംഗ സഭയിൽ 89 സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും അൻവർ അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ തന്റെ കണക്കുകൂട്ടലുകളെ ശരിവെക്കുന്നതാണെന്നും നേരിയ ഭൂരിപക്ഷത്തിലല്ല, മറിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാകും യുഡിഎഫ് സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ‘പിണറായിസം’ ആണ് വോട്ടർമാർക്കിടയിൽ പ്രധാന ചർച്ചയായതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പാർട്ടി ചുരുങ്ങിയതിനെതിരെയുള്ള ജനവികാരം വോട്ടായി മാറിയെന്നും അൻവർ വിമർശിച്ചു.
ഓരോ മണ്ഡലത്തിലും പിണറായി വിരുദ്ധ വോട്ടുകൾ വൻതോതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐഎം പ്രാദേശിക ഘടകങ്ങൾ ജില്ലാ നേതൃത്വത്തിന് നൽകുന്നത് വ്യാജ കണക്കുകളാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ബിജെപിയുടെ വോട്ടുകൾ കുറയുമെന്നും ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചതായും അദ്ദേഹം നിരീക്ഷിക്കുന്നു. ബേപ്പൂർ മണ്ഡലത്തിൽ താൻ 25,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും അൻവർ വെല്ലുവിളിച്ചു. റിയാസിന് 65,000-ൽ കൂടുതൽ വോട്ട് ലഭിക്കില്ലെന്നും, ബേപ്പൂരിൽ താൻ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കാൻ തയ്യാറാണെന്നും പറഞ്ഞ അൻവർ, തോൽക്കാൻ തയ്യാറാണെങ്കിൽ മൊട്ടയടിക്കാൻ റിയാസ് കരാർ വെക്കണമെന്നും പരിഹസിച്ചു.



