2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കല്യാണി പ്രിയദർശനും (‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’) അനശ്വര രാജനും (‘രേഖാചിത്രം’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’) മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച രണ്ടാമത്തെ ചിത്രമായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ‘രേഖചിത്രം’ പുരസ്കാരം നേടി. സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി വിലയിരുത്തുന്ന ഏക സ്വകാര്യ പുരസ്കാരമായ ഫിലിം ക്രിട്ടിക്സിൽ ഇക്കുറി 60 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
പ്രധാന വിഭാഗങ്ങളിൽ മികച്ച രണ്ടാമത്തെ നടന്മാരായി പ്രകാശ് വർമ്മയെയും ദിലീഷ് പോത്തനെയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ഹണി റോസും ശുഭ വയനാടും സ്വന്തമാക്കി. രചനാലോകത്ത് ‘പൊൻമാൻ’ എന്ന ചിത്രത്തിലൂടെ ജി.ആർ. ഇന്ദുഗോപൻ മികച്ച കഥാകൃത്തായും ‘ഗർഭിണിയായ വിധവ’ എന്ന ചിത്രത്തിലൂടെ രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സംഗീത വിഭാഗത്തിൽ ജേക്സ് ബിജോയ് മികച്ച സംഗീത സംവിധായകനായും മഹേഷ് ഗോപാൽ, മുരളി നീലാംബരി എന്നിവർ മികച്ച ഗാനരചയിതാക്കളായും അംഗീകരിക്കപ്പെട്ടു. ‘ഹൃദയപൂർവം’ എന്ന ചിത്രത്തിലെ ‘വിടപാരായണം’ എന്ന ഗാനത്തിലൂടെ നവനീത് ഉണ്ണികൃഷ്ണനാണ് മികച്ച പിന്നണി ഗായകൻ. ബാലതാരങ്ങളായി ധർമ്മിക് സുധാകരനും ദേവാനന്ദ ജിബിനും പുരസ്കാരങ്ങൾ നേടി.
കൂടാതെ, മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുള്ള ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾക്ക് ടി.ജി രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമ്മിള ഉണ്ണി, ബി. അരുന്ധതി എന്നിവർ അർഹരായി. ഡോ. മനോജ് ഗോവിന്ദൻ, സംഗീത് പ്രതാപ്, സന്ദീപ് പ്രദീപ്, ട്വിങ്കിൾ ജോബി, മീനാക്ഷി എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. വിത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്ത സിനിമകളെയും പ്രതിഭകളെയും അംഗീകരിച്ചുകൊണ്ട് മലയാള സിനിമയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം.



