ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, പത്താം ദിനം സുപ്രീംകോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ. ശബരിമലയിൽ ദർശനം നടത്തിയ യുവതികൾ യഥാർത്ഥ വിശ്വാസികളാണോ എന്ന നിർണ്ണായക ചോദ്യമാണ് കോടതി ഇന്ന് ഉന്നയിച്ചത്. യുവതീ പ്രവേശനത്തെ അനുകൂലിച്ച് വാദിച്ച മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങിനോടായിരുന്നു കോടതിയുടെ ഈ ചോദ്യം. ഇതിന് മറുപടിയായി, ബിന്ദു അമ്മിണിയും കനകദുർഗ്ഗയും കേരളത്തിൽ നിന്നുള്ളവരാണെന്നും അവർ ഹിന്ദുക്കളാണെന്നും ഇന്ദിര ജയ്സിങ് വ്യക്തമാക്കി. ശബരിമല സന്ദർശനത്തിന് ശേഷം ബിന്ദു അമ്മിണിക്ക് കടുത്ത ആൾക്കൂട്ട മർദ്ദനം നേരിടേണ്ടി വന്നെന്നും അവർക്ക് കേരളത്തിന് പുറത്ത് മാറിനിൽക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. ഒരു യുവതിക്ക് ശബരിമലയിൽ പോകുക എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് അത് ഭരണഘടനാപരമായ സ്വാതന്ത്ര്യമാണെന്നും അവർ വാദിച്ചു.
വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് നാഗരത്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വെച്ച് പരിശോധിക്കേണ്ടതില്ലെന്ന സുപ്രധാന നിരീക്ഷണം നടത്തി. അതേസമയം, മതപരമായ അവകാശങ്ങളും സാമൂഹിക ക്രമവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചും കോടതി ഇന്ന് കൃത്യമായ നിലപാട് വ്യക്തമാക്കി. സമൂഹക്രമത്തെയും പൊതുജീവിതത്തെയും ബാധിക്കുന്ന മതപരമായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉദാഹരണത്തിന്, റോഡ് തടസ്സപ്പെടുത്തുന്നതുപോലെയുള്ള നടപടികളെ ആചാരത്തിന്റെ ഭാഗമായി ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മതപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ, ആ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മതപരമായ സ്വഭാവം ഉണ്ടായിരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് നിലവിൽ കോടതി കേട്ടുകൊണ്ടിരിക്കുന്നത്.



